ആമുഖം
കോഴിവളര്‍ത്തൽ മേഖല ആദായകരമായ ഒരു ഉപതൊഴിലായി വളര്‍ത്തിയെടുക്കുക, കോഴിയിറച്ചിയുടേയും കോഴി മുട്ടയുടേയും ഉല്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക, തൊഴിലില്ലായ്മയുടെ രൂക്ഷത കുറയ്ക്കുക പാവപ്പെട്ട വീട്ടമ്മമാര്‍ക്ക് ഒരു ചെറിയ വരുമാനം ലഭിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് 1989ൽ സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷൻ രൂപീകൃതമായത്. ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വേണ്ടി അടുക്കളമുറ്റത്തെ കോഴിവളര്‍ത്തൽ സജീവമാക്കി, ചെറുകിട ഉത്പാദകരിലൂടെ കോഴിമുട്ടയുടെ ഉത്പാദനവും വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഈ കോര്‍പ്പറേഷൻ നേതൃത്വം നൽകുന്നു. വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനത്തിനോടൊപ്പം ചെറുകിട ഉത്പാദനം പരിപോഷിപ്പിക്കാനുള്ള പ്രയത്നമാണ് കെപ്കോ ഏറ്റെടുത്തിരിക്കുന്നത്. കേരളത്തിൽ ഇറച്ചിക്കോഴികളുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനും അതിലൂടെ ചെറുകിട കര്‍ഷകരെ സഹായിക്കാനും കെപ്കോ സര്‍വ്വദാ മുന്നിലാണ്.
കോഴി വളര്‍ത്തൽ മേഖലയുടെ സമഗ്ര വികസനം, നവീകരണം എന്നിവയിലൂടെ മുട്ടയുല്പാദനത്തിലും ഇറച്ചിക്കോഴി ഉല്പാദനത്തിലും നമ്മുടെ സംസ്ഥാനം സ്വയം പര്യാപ്തത കൈവരിക്കണമെന്ന സർക്കാർ നയം പ്രാവർത്തികമാക്കുന്നതിനുള്ള കഠിന പ്രയത്നമാണ് കെപ്കോ നടത്തിക്കൊണ്ടിരിയ്ക്കുന്നത്. യുവജനങ്ങളുൾപ്പെടെയുള്ള കൂടുതൽ കർഷകരെ കോഴിവളർത്തൽ ഒരു തൊഴിലായും, പ്രധാന വരുമാന ജീവിതോപാതിയായും വളർത്തിയെടുക്കുവാനും കോർപ്പറേഷന്റെ പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു.
നാളിതുവരെ വിവിധ ജനപ്രിയ പദ്ധതികളിലൂടെ കേരളത്തിന്റെ കോഴിവളർത്തൽ മേഖലയുടെ നഷ്ടപ്രതാപം വീണ്ടെടുക്കുവാനുള്ള പ്രവർത്തനങ്ങൾക്ക് കെപ്കോ ചുക്കാൻ പിടിക്കുന്നു. കോഴിമുട്ടയുടേയും, കോഴിയിറച്ചിയുടേയും ഉല്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിയ്ക്കുവാനുള്ള ശ്രമങ്ങൾ നടത്തുന്നതിനോടൊപ്പം കോഴിവളർത്തലിനെ ആദായകരമായ ഒരു ഉപ തൊഴിലായി വളർത്തിയെടുക്കുന്നതിലും അതുവഴി തൊഴിലില്ലായ്മയുടെ രൂക്ഷത കുറയ്ക്കുന്നതിലും കെപ്കോയ്ക്ക് നിർണ്ണായകമായ പങ്ക് വഹിക്കാൻ കഴിഞ്ഞിട്ടുണ്ട്.
മുട്ടയുല്പാദനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യം മുൻ നിറുത്തി, ഒരു കാലത്ത് കാർഷിക മേഖലയുടെ ചൈതന്യമായിരുന്ന അടുക്കളമുറ്റത്തുള്ള കോഴിവളർത്തലിനെ സജീവമാക്കി, ചെറുകിട ഉല്പാദകരിലൂടെ കോഴിമുട്ടയുടെ ഉല്പാദനം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ഈ കോർപ്പറേഷൻ നേത്യത്വം നൽകുന്നു.
കൊല്ലം ജില്ലയിലെ കൊട്ടിയത്തും, ത്യശ്ശൂർ ജില്ലയിലെ മാളയിലും പ്രവർത്തിയ്ക്കുന്ന മുട്ടക്കോഴി വളർത്തൽ ഫാമുകളിലൂടെ ഉത്പാദിപ്പിയ്ക്കുന്ന മുട്ടക്കോഴിക്കുഞ്ഞുങ്ങളെ കെപ്കോയുടെ ഇന്റഗ്രേഷൻ ഫാമുകളിലൂടെ വളർത്തിയെടുത്ത് വിവിധ കേന്ദ്ര-സംസ്ഥാന പദ്ധതികൾക്കായി വിതരണം ചെയ്ത് വരുന്നു. വിദ്യാർത്ഥികൾ മുതൽ വീട്ടമ്മമാർക്കും, വിധവകൾക്കും വളരെ ആശ്വാസമേകുന്ന കെപ്കോ പദ്ധതികൾ ജനഹ്യദയങ്ങളിൽ സ്ഥിര പ്രതിഷ്ഠ നേടിക്കഴിഞ്ഞു.
കെപ്കോ ആശ്രയ, വനിതാമിത്രം, നഗരപ്രിയ, കുഞ്ഞു കൈകളിൽ കോഴിക്കുഞ്ഞ് എന്നീ വിവിധങ്ങളായ ജനപ്രിയ പദ്ധതികൾ മുഖാന്തിരം ലക്ഷക്കണക്കിന് ഗുണഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ നടപ്പാക്കിയിട്ടുണ്ട്. അതോടൊപ്പംതന്നെ വിവിധ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വിവിധ പദ്ധതികളും വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. മ്യഗസംരക്ഷണ വകുപ്പ്, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, പട്ടികജാതി വകുപ്പ്, ബ്ലോക്ക് പഞ്ചായത്ത്, വിവിധ പഞ്ചായത്തുകൾ എന്നീ സ്ഥാപനങ്ങളുമായി ചേർന്ന് വിവിധ പദ്ധതികൾ കെപ്കോ നടപ്പാക്കിയിട്ടുണ്ട്.
കേരളത്തിലെ ഇറച്ചിക്കോഴി ക്യഷിയിലുള്ള അന്യസംസ്ഥാന കുത്തകകളുടെ കടന്നുകയറ്റത്തിന് കടിഞ്ഞാണിടാനും, കേരളത്തിലെ ചെറുകിട കർഷകരെ സഹായിക്കാനും കെപ്കോ സർവ്വദാ മുൻനിരയിലുണ്ട്. കുടപ്പനക്കുന്നിലെ ഇറച്ചിക്കോഴി പ്രജനന ഫാമിൽ ഉല്പാദിപ്പിക്കുന്ന മേൽത്തരം ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളെ കർഷകർക്ക് മിതമായ നിരക്കിൽ വിതരണം ചെയ്തു് വരുന്നു.