കേരളത്തിലെ കോഴിവളർത്തൽ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി 1989ൽ രൂപീകരിച്ച സർക്കാർ സംരംഭമാണ് കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡ് (കെപ്കോ). അസംഘടിതമായിരുന്ന കോഴി വളർത്തൽ രംഗം സംഘടിതവും, സുസജ്ജവുമാക്കുന്നതിനുള്ള കർമ്മ പരിപാടികൾക്കാണ് കെപ്കോ മുൻഗണന നൽകുന്നത്. ഫാമുകളുടെ നവീകരണം, പുതിയ ഫാമുകൾ സ്ഥാപിക്കൽ, കോഴിവളർത്തൽ കേന്ദ്രീകരിച്ചുകൊണ്ടുള്ള പദ്ധതികൾ, കോഴിയിറച്ചിയുടേയും, മൂല്യവർദ്ധിതോദ്ല്പന്നങ്ങളുടേയും ഉല്പാദനവും വിപണനവും, കോഴിവളർത്തൽ കർഷകർക്ക് ആവശ്യമായ സാങ്കേതിക സഹായവും സേവനവും തുടങ്ങിയവയ്ക്ക് കെപ്കോ പ്രത്യേകം ഊന്നൽ നൽകുന്നു. സർക്കാരിന്റെ വിവിധങ്ങളായ സാമൂഹിക ക്ഷേമ പദ്ധതികളും കെപ്കോ നടപ്പാക്കി വരുന്നു. കൂടാതെ വിവിധ വകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ വിവിധങ്ങളായ പദ്ധതികളും കെപ്കോ ഏറ്റെടുത്ത് നടപ്പാക്കിവരുന്നു.
അന്യസംസ്ഥാന കുത്തകയുടെ ആധിപത്യത്തിലമർന്ന ഇറച്ചിക്കോഴി വിപണിയെ അതിൽ നിന്നും മോചിപ്പിച്ച് കേരളത്തിനാവശ്യമായ ഇറച്ചിക്കോഴികൾ കേരളത്തിൽത്തന്നെ ഉല്പാദിപ്പിക്കാനുള്ള തീവ്രയത്ന പരിപാടികളും കെപ്കോ ഏറ്റെടുക്കുന്നു.
കോഴി വളര്‍ത്തൽ മേഖലയുടെ സമഗ്ര വികസനം, നവീകരണം എന്നിവയിലൂടെ മുട്ടയുല്പാദനത്തിലും ഇറച്ചിക്കോഴി ഉല്പാദനത്തിലും നമ്മുടെ സംസ്ഥാനം സ്വയം പര്യാപ്തത കൈവരിക്കണമെന്ന സർക്കാർ നയം പ്രാവർത്തികമാക്കുന്നതിനുള്ള കഠിന പ്രയത്നമാണ് കെപ്കോ നടത്തിക്കൊണ്ടിരിയ്ക്കുന്നത്.